പള്ളിക്കര മേൽപ്പാലം ഗതാഗതത്തിന് തുറന്നു; കാസർകോട്–കാഞ്ഞങ്ങാട് റൂട്ടിലെ യാത്രാദുരിതത്തിന് ആശ്വാസം

കാസർകോട്: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബുധനാഴ്ച രാവിലെയോടെയാണ് പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. നിശ്ചയിച്ച തീയതിക്കും മുൻപേ പണികൾ പൂർത്തിയാക്കി പാലം തുറന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമായി.

മേൽപ്പാലത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആറ് എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കാനാണ് സെപ്റ്റംബർ ഒന്നിന് പാലം പൂർണ്ണമായും അടച്ചത്. ഒക്ടോബർ 10 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി പ്രതീക്ഷിച്ചതിലും നേരത്തെ പാലം തുറക്കുകയായിരുന്നു.

പാലം അടച്ചതിനെത്തുടർന്ന് ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾ ബേക്കൽ–മൗവ്വൽ–പള്ളിക്കര റോഡ് വഴിയാണ് തിരിച്ചുവിട്ടിരുന്നത്. ഇത് ദിവസങ്ങളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. പാലം തുറന്നതോടെ കാസർകോട്–കാഞ്ഞങ്ങാട് റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമായി.

Leave a Reply

Your email address will not be published. Required fields are marked *