കാസർകോട്: തലചായ്ക്കാൻ സ്വന്തമായൊരു തുണ്ട് ഭൂമിയെന്ന പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർഥ്യമായതിന്റെ ചാരിതാർഥ്യത്തിൽ കുംഭയും സുലോചനയും. കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിലാണ് ഇരുവരും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയിൽനിന്ന് ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങിയത്.
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കുംഭ കിനാനൂർ വില്ലേജിലെ മേലടക്കംകുന്ന് സ്വദേശിനിയായ 72-കാരി കെ. കുംഭ അരനൂറ്റാണ്ടിലേറെയായി താമസിച്ചുവരുന്ന ഭൂമിക്കാണ് ഇപ്പോൾ നിയമപരമായ ഉടമസ്ഥാവകാശം ലഭിച്ചത്. മൂന്ന് പെൺമക്കളുള്ള കുംഭയുടെ ഭർത്താവ് 40 വർഷം മുമ്പ് മരണപ്പെട്ടു. നിലവിൽ ഇളയ മകൾ രജിതക്കൊപ്പമാണ് താമസം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ സ്വന്തം ഭൂമിയുടെ രേഖ കൈകളിൽ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കുംഭ പറഞ്ഞു.
സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിൽ സുലോചന അജാനൂർ കടപ്പുറത്തെ സുലോചനക്കും ഈ ദിനം സ്വന്തം ജീവിതത്തിലെ വലിയൊരു സ്വപ്നസാക്ഷാത്കാരമായി മാറി. പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന നാലര സെന്റ് ഭൂമിയുടെ പട്ടയമാണ് മന്ത്രിയിൽനിന്ന് നിറഞ്ഞ ചിരിയോടെ സുലോചന ഏറ്റുവാങ്ങിയത്. അജാനൂർ ഗവ. ഫിഷറീസ് യു.പി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സുലോചനക്ക് നാല് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ആൺമക്കൾ നാലുപേരും മത്സ്യത്തൊഴിലാളികളാണ്. നിലവിൽ മകൻ വിനോദിനും മകൾ ലളിതക്കുമൊപ്പമാണ് താമസം.
ചടങ്ങിൽ പട്ടയം കൈമാറിയ മന്ത്രി, സാധാരണക്കാരുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സർക്കാറിന്റെ കരുതൽ ഉറപ്പുനൽകി. റവന്യൂ അധികൃതരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.













Leave a Reply