നീലേശ്വരം: ദിവസങ്ങൾക്ക് മുൻപ് വീട്ടിൽനിന്ന് കാണാതായ യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മൂന്ന് റോഡിൽ എരിപ്പിൽ കുഞ്ഞമ്പുവിന്റെ മകൻ വൈശാഖ് (22) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് വൈശാഖിനെ വീട്ടിൽനിന്ന് കാണാതാകുന്നത്. കാണാതാകുന്നതിന് അരമണിക്കൂർ മുൻപ് യുവാവ് സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ നീലേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ചായ്യോത്ത് നാരത്തുംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപമാണ് വൈശാഖിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ അവസാനമായി കാണിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവിടെനിന്ന് തകർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയോടെയാണ് നാരത്തുംകൊല്ലി വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിദേശത്തേക്ക് പോകുന്നതിനായി വൈശാഖ് പാസ്പോർട്ട് എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- മാതാവ്: മീനാക്ഷി
- സഹോദരൻ: വിശാഖ്
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായത്തിനായി ബന്ധപ്പെടുക: ദിശ (DISHA) ഹെൽപ്ലൈൻ: 1056, 0471-2552056, തണൽ (Thanal): 0495-2760000.













Leave a Reply