കുമ്പള: ചേവാർ പാച്ചാണിപ്പുഴയിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച മണൽ കുമ്പള പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണൽ കടത്താൻ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷിറിയ സ്വദേശി രജിൻകുമാർ (29), ഇച്ചിലംകോട് വീരനഗർ സ്വദേശി മുകേഷ് (27) എന്നിവരാണ് പിടിയിലായത്. കുമ്പള എസ്.ഐ വി.വി. സന്തോഷ്, എ.എസ്.ഐമാരായ അതുൽറാം, അജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയോടെ കയ്യാർ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രദേശത്ത് അനധികൃതമായി മണൽ കടത്തുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം വാഹന പരിശോധന ശക്തമാക്കി. ഇതിനിടയിലാണ് മണ്ടേക്കാപ്പ് ഭാഗത്തുനിന്ന് പെർമുദെ ഭാഗത്തേക്ക് വരികയായിരുന്ന ലോറി ശ്രദ്ധയിൽപ്പെട്ടത്. വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ മണൽ കൊണ്ടുപോകുന്നതിന് ആവശ്യമായ യാതൊരുവിധ രേഖകളും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
സർക്കാർ മുതലായ മണൽ മോഷ്ടിച്ച് കടത്തിയതിന് പ്രതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഷിറിയ പുഴ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണലൂറ്റും കടത്തും തടയാൻ വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.













Leave a Reply