വെസ്റ്റ് എളേരി: കാസർകോട് വെസ്റ്റ് എളേരിയിലെ വരക്കാട് ജംഗ്ഷനിൽ കുഴൽക്കിണർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ട്രാക്ടർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്.
വരക്കാട് ജംഗ്ഷനിലെ ബാങ്കിന് സമീപമുള്ള കുത്തനെയുള്ള വലിയ ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങുന്നതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, റോഡരികിൽ ജെയ്സണും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്. വാഹനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ ചേർന്ന് പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടസമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വരക്കാട് ജംഗ്ഷന് സമീപത്തെ ഈ ഇറക്കം സ്ഥിരം അപകടമേഖലയാണെന്ന് പ്രദേശവാസികൾ പറയുന്നു. മുൻപും നാലോളം വലിയ അപകടങ്ങൾ ഇതേ സ്ഥലത്ത് നടന്നിട്ടുണ്ടെന്നും, ഇവിടെ ശാശ്വതമായ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.













Leave a Reply