40 വർഷം മുമ്പ് കാണാതായ അച്ഛനെ നീലേശ്വരത്ത് നിന്ന് മക്കൾക്ക് തിരികെ ലഭിച്ചു

നീലേശ്വരം: നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് വീടുവിട്ടിറങ്ങി, മരണപ്പെട്ടിരിക്കാമെന്ന് കുടുംബം കരുതിയ അച്ഛനെ 40 വർഷങ്ങൾക്ക് ശേഷം മക്കൾക്ക് തിരികെ ലഭിച്ചു. നീലേശ്വരത്തിന് സമീപത്തെ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് അധികൃതരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ലീൻ അഗസ്റ്റിൻ കുടുംബവുമായി വീണ്ടും ഒന്നിച്ചത്.

നാല് പതിറ്റാണ്ട് മുമ്പാണ് ലീൻ അഗസ്റ്റിൻ കുടുംബത്തിൽ നിന്ന് അകന്നുപോയത്. തുടർന്ന് വിവിധ ഇടങ്ങളിലായി കഴിഞ്ഞ അദ്ദേഹം 16 വർഷം മുമ്പാണ് മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ അഭയം തേടിയെത്തിയത്.

പിതാവിനെ കാണാതായതിനെ തുടർന്ന് മക്കൾ വർഷങ്ങളോളം അന്വേഷണം നടത്തിയിരുന്നുവെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെ അച്ഛൻ മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.

എന്നാൽ, പുനരധിവാസ കേന്ദ്രത്തിലെ അധികൃതർ നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ ലീൻ അഗസ്റ്റിന്റെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മക്കളുമായി ഫോണിൽ ബന്ധപ്പെടുകയും പിതാവ് ജീവനോടെയുണ്ടെന്ന വിവരം അറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞയുടൻ മക്കൾ നീലേശ്വരത്തെ പുനരധിവാസ കേന്ദ്രത്തിലെത്തി. 40 വർഷങ്ങൾക്ക് ശേഷം അച്ഛനെ നേരിൽ കണ്ട നിമിഷം അതീവ വികാരനിർഭരമായിരുന്നു. തുടർന്ന് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മക്കൾ അച്ഛനെ സന്തോഷത്തോടെ സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കഴിഞ്ഞ 20 വർഷത്തോളമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും ആരോരുമില്ലാത്തവർക്കും സംരക്ഷണവും പരിചരണവും നൽകിവരുന്ന സ്ഥാപനമാണ് മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്. നിലവിൽ 120-ഓളം അന്തേവാസികൾക്ക് അഭയമൊരുക്കുന്ന ഈ സ്ഥാപനം സുമനസ്സുകളായ നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *