തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കത്ത് നൽകിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തിക്കാൻ നേരത്തെ തന്നെ ആസൂത്രിത ശ്രമങ്ങൾ നടന്നിരുന്നുവെന്നും കേസിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡയറിയിലെ 182 കോടി ആർക്കൊക്കെ? എന്തുകൊണ്ട് മറ്റുള്ളവരെ തൊടുന്നില്ല?
സിഎംആർഎൽ വിവിധ വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കൾക്കുമായി 182 കോടി രൂപ നൽകിയെന്ന വിവരങ്ങളടങ്ങിയ ഡയറി ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡി പറയുന്നത്. ഇതിൽ നിലവിലെ ഭരണകക്ഷി നേതാക്കളുടെ പേരുകളുമുണ്ട്. പണം വാങ്ങിയ കാര്യം പലരും പരസ്യമായി സമ്മതിച്ചതുമാണ്. എന്നാൽ ഈ 182 കോടിയിൽ തുച്ഛമായ ഒരു തുക മാത്രമാണ് വീണ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ളത്. എന്നിട്ടും ഭരണകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്കെതിരെ നടപടിയെടുക്കാതെ എന്തുകൊണ്ടാണ് എക്സാലോജിക്കിനെ മാത്രം ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. ഇത് തികഞ്ഞ രാഷ്ട്രീയ പകപോക്കലാണ്.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല
സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിൽ നടന്ന ഇടപാടിൽ കമ്പനിക്ക് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. ഇരു കൂട്ടർക്കും ഇതിൽ ഒന്നും ഒളിച്ചുവെക്കാനുമില്ല. രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള കരാർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല. ഇതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉൾപ്പെടെയുള്ള ജുഡീഷ്യറി നേരത്തെ തന്നെ പരിശോധിച്ച് തള്ളിയതാണ്. കോടതികൾ ഇതിനകം തള്ളിക്കളഞ്ഞ അതേ ആവശ്യങ്ങളാണ് രാഷ്ട്രീയ പ്രേരിതമായി ഇ ഡി ഇപ്പോൾ വീണ്ടും ഉയർത്തുന്നത്.
കോൺഗ്രസ്-ബിജെപി ഡീൽ; ഇ ഡി നടപടിയിലെ വിരോധാഭാസം
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ റിപ്പോർട്ട് നിലനിൽക്കില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ അന്വേഷണ വഴിതേടി ഇ ഡി രംഗത്തെത്തിയിരിക്കുന്നത്. പിണറായി വിജയൻ ക്രമവിരുദ്ധമായി എന്തെങ്കിലും ചെയ്താലേ വിജിലൻസ് കേസിന് സാധുതയുള്ളൂ.
ഈ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വ്യക്തമായ രഹസ്യ ധാരണയുണ്ട്. സംഭവത്തിൽ കോൺഗ്രസും യുഡിഎഫും എന്ത് നിലപാട് സ്വീകരിക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. പിടിച്ചെടുത്ത ഡയറിയിൽ പേരുള്ള നിലവിലെ ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള പൊലീസിനോട് തന്നെ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി റിപ്പോർട്ട് നൽകിയിരിക്കുന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















Leave a Reply