കാസർകോട്: അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഫാക്ടറികളിൽ നിന്നുള്ള മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒഴുക്കിവിടുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരം വിദഗ്ധ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. പ്രദേശത്ത് കുടിവെള്ള പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അടിയന്തരമായി ശുദ്ധജലം ലഭ്യമാക്കാൻ കളക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കർശന നിർദ്ദേശം നൽകി.
മലിനീകരണ പരാതി ഉയർന്ന പശ്ചാത്തലത്തിൽ നിലവിൽ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ മെയ് മാസത്തിലും ഫാക്ടറിക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടാൻ കളക്ടർ നിർദ്ദേശിച്ചിരുന്നു. പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അധ്യക്ഷതയിൽ ചേർന്ന പ്രാദേശിക യോഗത്തിലെ തീരുമാനപ്രകാരം പരീക്ഷണാടിസ്ഥാനത്തിൽ (ട്രയൽ റൺ) പ്രവർത്തിക്കാൻ അനുമതി നൽകുകയായിരുന്നു. എന്നാൽ പരീക്ഷണ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെ വീണ്ടും ജലമലിനീകരണ പരാതി ഉയരുകയായിരുന്നു.
ശനിയാഴ്ച വ്യവസായ വകുപ്പ് ജില്ലാ മാനേജറുടെ നേതൃത്വത്തിൽ എൻവയോൺമെന്റ് എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, കുമ്പള, പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാക്ടറിക്കെതിരെ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.














Leave a Reply