സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്നായ എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോലീസിന്റെ പിടിയിലായി. കാസർഗോഡ് പെരിയടുക്ക അൻസാർ മൻസിലിൽ പി.എ. അൻസാർ (27) ആണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും (ഡാൻസാഫ്) സുൽത്താൻ ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയിൽ വലയിലായത്.
കർണാടക ആർടിസി ബസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ വിശദമായി ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. 14.91 ഗ്രാം സാന്ദ്രീകൃത എംഡിഎംഎയും 1.21 ഗ്രാം തൂക്കം വരുന്ന രണ്ട് എംഡിഎംഎ ഗുളികകളും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്ത്, വധശ്രമം, മോഷണം, വീടുകയറി ആക്രമണം തുടങ്ങി പത്തോളം ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൻസാറെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ഇൻസ്പെക്ടർ കെ.എസ്. അജേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സനൽ, ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ കുഞ്ഞിരാമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ, ദീപേഷ് രാജൻ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടത്തെക്കുറിച്ചും ഇയാൾക്ക് പ്രാദേശികമായി ലഹരി ഇടപാടുകളുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















Leave a Reply