കാസർകോട്: ദേശീയപാത വികസനത്തിന്റെ പേരിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ കാസർകോട് മൈലാട്ടിയിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശവാസികളുടെ വീടുകളിലേക്കുള്ള വഴിപോലും ഇല്ലാതാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപം.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെ പലതവണ സമീപിച്ചെങ്കിലും നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. സിഗ്നലുകളോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള ഫുട് ഓവർബ്രിഡ്ജോ ഇല്ലാത്തതിനാൽ പ്രദേശത്ത് അപകടങ്ങൾ പതിവാവുകയാണ്. സർവീസ് റോഡുകൾ പൂർത്തിയാക്കാതെയാണ് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്നത്.
ദേശീയപാതയിൽ ചെങ്കള മുതൽ തളിപ്പറമ്പ് വരെയുള്ള റീച്ചിൽ പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. കൃത്യമായ ഡ്രെയിനേജ് സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇതിനുപുറമെ, ആവശ്യമായ ദിശാസൂചക ബോർഡുകളോ സുരക്ഷാ മുന്നറിയിപ്പുകളോ സ്ഥാപിക്കാതെ റോഡ് ഭാഗികമായി തുറന്നുകൊടുത്തത് ജനങ്ങളിൽ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്നുണ്ട്.
പെരിയ, ചാലിങ്കാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടിപ്പാത, സർവീസ് റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടോൾ ബൂത്ത് തുറക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. കരാർ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.












Leave a Reply