മംഗളൂരുവിൽ ഭീതിപരത്തിയ പുള്ളിപ്പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

മംഗളൂരു: ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. സീതാംബട്ടു, എടപ്പടവു മേഖലകളിൽ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി ഭീതി പരത്തിയ പുള്ളിപ്പുലിയെയാണ് വനംവകുപ്പ് അധികൃതർ വിജയകരമായി പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വളർത്തുനായ്ക്കളെ നിരന്തരമായി കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പ്രദേശവാസിയായ ലോകേഷ് എന്നയാളുടെ വളർത്തുനായയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നായയെ ഇരയാക്കി കൂട് സ്ഥാപിച്ചു. ഞായറാഴ്ച പുലർച്ചെയോടെ പുള്ളിപ്പുലി കെണിയിൽ വീഴുകയായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പുള്ളിപ്പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അധികൃതർ അതിനെ ഉൾവനത്തിലേക്ക് തുറന്നുവിട്ടു. പുലി കുടുങ്ങിയതോടെ ദിവസങ്ങളായി ഭയപ്പാടിലായിരുന്ന നാട്ടുകാർക്ക് ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *