കാസർകോട്: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ യുവാവിന് നാലര വർഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് തിരുവള്ളൂർ മാരിയമ്മൻ കോവിൽ തെരുവ് സ്വദേശി ആൻ്റണി രാജിനെയാണ് (30) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് (രണ്ട്) കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചുമാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
2022 നവംബർ 17ന് രാത്രി 8.45-ഓടെ ഉപ്പള കൈക്കമ്പയിൽ നിന്നാണ് 18 കിലോ കഞ്ചാവുമായി ആൻ്റണി രാജ് പിടിയിലാകുന്നത്. ഉപ്പളയിൽ നിന്ന് വാങ്ങിയ കഞ്ചാവ് ടി.വി.എസ് ജൂപ്പിറ്റർ സ്‌കൂട്ടറിൽ കോഴിക്കോട്ടേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം.
യാത്രയ്ക്കിടെ കൈക്കമ്പയിൽ വെച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച സ്‌കൂട്ടർ എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ആൻ്റണി രാജിനൊപ്പമുണ്ടായിരുന്ന കിരൺ എന്നയാൾ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ ആൻ്റണി രാജിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതും തുടർനടപടികൾ സ്വീകരിച്ചതും.













Leave a Reply