മഞ്ചേശ്വരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കുഞ്ചത്തൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

മഞ്ചേശ്വരം: ദേശീയപാത സർവീസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുഞ്ചത്തൂർ സ്വദേശി നിയാസ് (35) നാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുമിനാട് സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയാസ് സഞ്ചരിച്ചിരുന്ന ബൈക്ക് തലപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന കാറുമായി ബൈക്ക് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് പരിക്കേറ്റ നിയാസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *