കാസർകോട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനപ്രതിനിധികൾ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. പഞ്ചായത്തിലെ ബി.ജെ.പി മെമ്പർമാരായ ശ്രീവിദ്യ, വസന്തി, മല്ലിക, പ്രമീള എന്നിവരാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്.
പ്രദേശത്ത് ഭീതി പരത്തുന്ന തെരുവ് നായ്ക്കളെയും അലഞ്ഞുതിരിയുന്ന കന്നുകാലികളെയും നിയന്ത്രിക്കാൻ പഞ്ചായത്ത് ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.
പ്രധാന ആവശ്യങ്ങൾ:
- പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന തെരുവ്-പേപ്പട്ടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക.
- റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികളെ പഞ്ചായത്ത് ദൊഡ്ഡിയിൽ (പൗണ്ട്) പിടിച്ചുകെട്ടുക.
- തെരുവ് നായ, കന്നുകാലി ശല്യങ്ങളെക്കുറിച്ച് പഞ്ചായത്തിലുടനീളം മൈക്ക് അനൗൺസ്മെന്റ് നടത്തി പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുക.
- പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതെ പൂഴ്ത്തിവെക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നടപടികൾ അവസാനിപ്പിക്കുക.
പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് ഇതിനകം നാൽപ്പതിലധികം പേർ കുത്തിവെപ്പ് എടുത്തുകൊണ്ടിരിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജാഗ്രതാ മുന്നറിയിപ്പ് മൈക്ക് അനൗൺസ്മെന്റ് അടക്കമുള്ള നടപടികൾ ആരംഭിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.













Leave a Reply