ശ്രീകൃഷ്ണജയന്തിക്ക് വിളംബരമേകി ബോവിക്കാനം മഥുരാപുരിയിൽ പതാക ഉയർന്നു

ബോവിക്കാനം: മുളിയാർ ബാലഗോകുലത്തിന്റെ 44-ാമത് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്ക് വിളംബരം കുറിച്ച് ബോവിക്കാനത്ത് പതാക ഉയർന്നു. ബോവിക്കാനം മഥുരാപുരിയിൽ നടന്ന ചടങ്ങിൽ ആഘോഷ പ്രമുഖ് രഞ്ജിത്ത് അമ്മങ്കോട് പതാക ഉയർത്തി. ബാലഗോകുലം അധ്യക്ഷൻ കെ. മധുസൂദനൻ, സെക്രട്ടറി മനോജ് മുളിയാർ, ആഘോഷ സമിതി ട്രഷറർ ബാലകൃഷ്ണൻ കോട്ടൂർ, കുഞ്ഞികൃഷ്ണൻ കൊടവഞ്ചി, രതീഷ് എം. ആർ. എന്നിവർ നേതൃത്വം നൽകി.

‘മായ വിട്ടുണരൂ, മാനവനായ് വളരൂ’ എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ഗോപൂജ, ഭാരത വൈഭവം സാംസ്കാരിക സന്ധ്യ, വിവിധ കലാ-കായിക മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

പ്രധാന ആഘോഷ ദിനമായ സെപ്റ്റംബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബോവിക്കാനം മഥുരാപുരിയിൽ ധാർമ്മിക സഭ നടക്കും. ആർ.എസ്.എസ് കാസറഗോഡ് സംഘജില്ലാ പ്രൗഢപ്രമുഖ് സദാശിവ കടമ്പാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആഘോഷ സമിതി അധ്യക്ഷൻ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണ ഭട്ട് അധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തും.

തുടർന്ന് വൈകുന്നേരത്തോടെ ഷൺമുഖ ബാലഗോകുലം മുളിയാർ, സാന്ദീപനി ബാലഗോകുലം അമ്മംഗോട്, പാർത്ഥസാരഥി ബാലഗോകുലം ചിപ്ലിക്കയ, ഗോവർദ്ധന ബാലഗോകുലം മുണ്ടക്കൈ എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ബോവിക്കാനം മഥുരാപുരിയിൽ സംഗമിക്കും. പുരാണ ഇതിഹാസ കഥാപാത്രങ്ങൾ, നിശ്ചലദൃശ്യങ്ങൾ, താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ നീങ്ങുന്ന മഹാശോഭായാത്ര ശ്യാംബാബുനഗർ ശ്രീ ഹനുമാൻ സ്വാമി ക്ഷേത്ര പരിസരം വഴി മല്ലം ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്ര സന്നിധിയിൽ സമാപിക്കും.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ആഘോഷ സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *