മഞ്ചേശ്വരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ അശ്രദ്ധമായി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് രണ്ട് സ്കൂട്ടറുകൾ പിടികൂടുകയും കുട്ടികൾക്ക് വാഹനം നൽകിയ ഉമ്മമാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തത്.
മഞ്ചേശ്വരം റെയിൽവേ ഗേറ്റിന് സമീപത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടർ ഓടിച്ച 17-കാരനെയും, കണ്ണാടിപ്പാറയിൽ വെച്ച് 16-കാരനെയുമാണ് പൊലീസ് തടഞ്ഞുവെച്ച് വാഹനം കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം കൈമാറിയതിനാണ് രക്ഷിതാക്കൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തത്.
അതേസമയം, തുമ്മിനാട് പള്ളിക്ക് സമീപം നടത്തിയ പരിശോധനയിൽ മദ്യപിച്ച് സ്കൂട്ടർ ഓടിച്ച യുവാവും പിടിയിലായി. കടമ്പാർ സ്വദേശി അജിത് കുമാറിനെയാണ് (24) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.














Leave a Reply