കാസർകോട്: നീലേശ്വരം ചിറപ്പുറത്ത് നഗരസഭാ മാലിന്യ പ്ലാൻ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ച നിലയിൽ കണ്ടെത്തി. ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 17 A 1453 എന്ന നമ്പർ ലോറിയാണ് കത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
വാഹനത്തിൽ നിന്ന് തീ ഉയരുന്നത് പരിസരവാസികളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ലോറിയുടെ മുൻഭാഗം പൂർണമായും അഗ്നിക്കിരയായിരുന്നു.
അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സംഭവത്തിൽ ലോറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി ശ്രമമാണോ അതോ വാഹനത്തിലെ ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം, നഗരസഭാ പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസിന് സഹായകമായിട്ടില്ല. ക്യാമറയുടെ പരിസരം പൂർണ്ണമായും കാടുപിടിച്ചുകിടക്കുന്നതിനാൽ സംഭവത്തിന്റെ വ്യക്തമായ തെളിവുകളോ ദൃശ്യങ്ങളോ ലഭ്യമല്ലെന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.














Leave a Reply