കാസർകോട്ടുകാർക്ക് ഇനി സ്ട്രോക്ക് ചികിത്സയ്ക്കായി ദൂരേക്ക് പോകേണ്ടതില്ല; കെയർവെൽ ആശുപത്രിയിൽ നൂതന ശസ്ത്രക്രിയ വിജയകരം

കാസർകോട്: കാസർകോട്ടെ പക്ഷാഘാത ചികിത്സാ രംഗത്ത് നിർണായക ചുവടുവെപ്പുമായി കെയർവെൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ. തലച്ചോറിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നൂതന ചികിത്സാ രീതിയായ ‘മെക്കാനിക്കൽ ത്രോംബെക്ടമി’ (Mechanical Thrombectomy) ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.

എന്താണ് മെക്കാനിക്കൽ ത്രോംബെക്ടമി? തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന തടസ്സങ്ങൾ, ഇമേജിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെ തന്നെ നീക്കം ചെയ്യുന്ന നൂതന ചികിത്സാ രീതിയാണിത്. കൃത്യസമയത്ത് ഈ ചികിത്സ നൽകുന്നതിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാനും, സ്ഥിരമായുള്ള നാഡീസംബന്ധമായ വൈകല്യങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനും സാധിക്കും.

വിദഗ്ധരായ മെഡിക്കൽ സംഘം മംഗലാപുരത്തു നിന്നുള്ള പ്രമുഖ ഇൻ്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അരി ഹരൻ കെ ആണ് ഈ സങ്കീർണ്ണമായ പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. പ്രഗത്ഭരായ ന്യൂറോളജിസ്റ്റുകളായ ഡോ. ഷമീം, ഡോ. ഹരീഷ് എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് രോഗിയുടെ തുടർചികിത്സകൾ ഏകോപിപ്പിക്കുന്നത്.

നൂതന ഇമേജിംഗ്, ന്യൂറോ റേഡിയോളജി സേവനങ്ങൾ ഇപ്പോൾ കാസർകോട് തന്നെ ലഭ്യമായതോടെ, സ്ട്രോക്ക് വന്നവർക്ക് മികച്ച ചികിത്സ നൽകാൻ സജ്ജമായ ഒരു ആശുപത്രിയായി കെയർവെൽ മാറുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് പോകാതെ തന്നെ വിദഗ്ധ ചികിത്സ നാട്ടിൽ തന്നെ ലഭ്യമാകുന്നത് കാസർകോട്ടുകാർക്ക് വലിയൊരാശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *