മഞ്ചേശ്വരം: ബട്ടിപ്പദവിലെ വ്യാപാര സ്ഥാപനത്തിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപ്പദവ് ചികുർപ്പാദ കുന്നിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ എന്ന വെടി സഫ്വാനെയാണ് (33) ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മിയാപ്പദവിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഒരാഴ്ച മുൻപാണ് ബട്ടിപ്പദവിലെ സുഹൈൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയ്ക്ക് നേരെ അക്രമം ഉണ്ടായത്. മിയാപ്പദവ് സ്വദേശി റഹീം, മദങ്കള സ്വദേശി അബ്ദുൽ ഖാദർ എന്നിവർ ചേർന്നാണ് കടയിൽ കയറി വെടിവെപ്പ് നടത്തിയത്. ഈ സമയം സഫ്വാനും മറ്റൊരാളും കാറിൽ ഇരുന്ന് പരിസരം നിരീക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ട റഹീം പതിനാറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അബ്ദുൽ ഖാദറിനെതിരെയും കേസുകൾ നിലവിലുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.













Leave a Reply