ഉഡുപ്പി: വാഴപ്പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാനും ആകർഷകമായ നിറം നൽകാനും മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നാല് സംഭരണ കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. ഉഡുപ്പി അലേവുരിലെ വാഴപ്പഴ സംഭരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.
കുന്ദാപുര അസിസ്റ്റന്റ് കമ്മീഷണർ രശ്മിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അലേവുരിലെ നാല് പ്രമുഖ സംഭരണ കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തിയത്.
പിടിച്ചെടുത്തത് രാസലായനികളും വാഹനങ്ങളും
വാഴപ്പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കുന്നതിനായി വ്യാപകമായി രാസവസ്തുക്കൾ പ്രയോഗിക്കുന്നതായി പരിശോധനയിൽ വ്യക്തമായി. കൂടാതെ, കൃത്രിമമായി പഴുപ്പിച്ച പഴങ്ങൾക്ക് സ്വാഭാവികമായ മഞ്ഞനിറം തോന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രത്യേക രാസലായനികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
നിയമവിരുദ്ധമായി പ്രവർത്തിച്ച സംഭരണ കേന്ദ്രങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്ത അധികൃതർ, രാസവസ്തുക്കൾ തളിച്ച പഴങ്ങളും ഇവ വിപണിയിലെത്തിക്കാൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.















Leave a Reply