കാസർകോട്: ജില്ലയിൽ ലഹരിക്കെതിരെയുള്ള കർശന പരിശോധനകൾക്കിടെ ബൈക്കിൽ കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തെക്കിൽ ചെറുകര സ്വദേശി അബൂബക്കർ സിദ്ദീഖിനെയാണ് (33) ഹോസ്‌ദുർഗ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 2.14 ഗ്രാം എംഡിഎംഎയും ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ‘ഓപ്പറേഷൻ തണ്ടറി’ന്റെയും ഭാഗമായി കാസർകോട് ഇൻ്റലിജൻസ് ബ്യൂറോയും ഹോസ്‌ദുർഗ് എക്സൈസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. വ്യാഴാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ ചെമ്മട്ടം വയലിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങൾ.
വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഹോസ്‌ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.എച്ച്. നസീബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.
പിടിയിലായ അബൂബക്കർ സിദ്ദീഖ് മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ജില്ലയിൽ ലഹരി വേട്ടയും വാഹന പരിശോധനകളും കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.













Leave a Reply