കാസർകോട്: ബാങ്ക് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഫോൺ ഷോപ്പിൽ നിന്നു വിലപിടിപ്പുള്ള ടാബുമായി കടന്നുകളഞ്ഞയാൾ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളി സ്വദേശിയായ കിഷോർ ശങ്കറിനെ (41) യാണ് കാസർകോട് ടൗൺ എസ്.ഐ എം.ടി.പി സൈഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലായ് 20-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മൊബൈൽ ഫോൺ ഷോപ്പിൽ എത്തിയ കിഷോർ ശങ്കർ ബാങ്ക് ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവിധ ഫോണുകളും ടാബുകളും പരിശോധിച്ച ശേഷം 30,000-ൽ അധികം രൂപ വില വരുന്ന ടാബ് വാങ്ങി. പണം ഓൺലൈനായി അയച്ചു തരാമെന്നു പറഞ്ഞാണ് ഇയാൾ ഷോപ്പിൽ നിന്നു പോയത്. മൂന്നു ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടർന്നാണ് ഉടമ പൊലീസിൽ പരാതി നൽകിയത്.
കൊച്ചി, നാദാപുരം പാലസ് എന്നാണ് പ്രതി കടയിൽ മേൽവിലാസമായി നൽകിയിരുന്നത്. ഇത് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഷോർ ശങ്കർ പിടിയിലായത്. പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സമാനരീതിയിൽ പത്തോളം തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.













Leave a Reply