കുറ്റിക്കോൽ: “ഇങ്ങനെയൊരു ഗതി ഇനി മറ്റാർക്കും വരുത്തരുതേ എന്നാണ് പ്രാർഥന…” — വാക്കുകൾ ഇടറുമ്പോഴും കെ. സദന്റെ കണ്ണുകളിൽ നിറയുന്നത് ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒലിച്ചുപോയതിന്റെ തീരാവേദനയാണ്. പുതുതായി പണിപൂർത്തിയാക്കിയ വീടിന്റെ അടിത്തറയ്ക്ക് താഴെ പൊടുന്നനെ രൂപപ്പെട്ട വലിയ ഗർത്തം അനുദിനം വലുതാകുന്നത് കണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഈ കുടുംബവും നാട്ടുകാരും.
കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം വില്ലേജ് ആനക്കല്ല് ഒറ്റമാവുങ്കാലിലാണ് ഏവരെയും ഞെട്ടിച്ച സംഭവം. സ്വന്തം സ്ഥലത്ത് സദൻ നിർമിച്ച വീടിന്റെ അടിയിലാണ് വലിയ ഗർത്തം രൂപപ്പെട്ട് വെള്ളമൊഴുകുന്നത്. കനത്ത മഴ പെയ്യുന്നതോടെ ഇതിലൂടെയുള്ള ജലപ്രവാഹം കൂടുതൽ ശക്തമാകുകയും ദിവസവും വലിയ തോതിൽ മണ്ണിടിഞ്ഞ് ഗർത്തത്തിന്റെ വിസ്തൃതി വർധിക്കുകയും ചെയ്യുകയാണ്.
കക്കൂസ് കുഴിയെടുക്കലിനിടെ തുടക്കം; അടിയിൽ ശക്തമായ ജലപ്രവാഹം
മൂന്നാഴ്ച മുൻപ് വീടിന്റെ പിൻഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കക്കൂസ് കുഴിയെടുക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. നിർമാണം രണ്ട് മീറ്റർ ആഴത്തിലെത്തിയപ്പോൾ പെട്ടെന്ന് മണ്ണ് താഴേക്ക് ഇടിയുകയായിരുന്നു. ഉടൻതന്നെ മണ്ണിട്ട് കുഴി മൂടിയെങ്കിലും, ദിവസങ്ങൾക്ക് ശേഷം വീണ്ടും മണ്ണ് വലിയ തോതിൽ താഴുകയും ആഴത്തിലും വിസ്താരത്തിലും ഗർത്തം കൂടുതൽ വലുതാവുകയുമായിരുന്നു.
ഗർത്തത്തിനകത്ത് പലയിടങ്ങളിലും മൂന്നാൾ പൊക്കത്തിൽ വലിയ വിടവുകളാണുള്ളത്. തെക്കുഭാഗത്തുനിന്ന് ശക്തമായി ഒഴുകിയെത്തുന്ന വെള്ളം വീടിന്റെ അടിയിലൂടെ കടന്ന് 150 മീറ്ററോളം താഴെയുള്ള തോട്ടത്തിലെ കുളത്തിലേക്കാണ് ചെന്നെത്തുന്നത്.
വിയർപ്പൊഴുക്കി പണിത വീട്; ഇനി എങ്ങോട്ട്?
ടൈൽസ് പാകുന്ന തൊഴിലാളിയായ സദൻ, നാളിതുവരെ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവൻ ചെലവിട്ടാണ് 1350 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില കോൺക്രീറ്റ് വീട് നിർമിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു നിർമാണത്തിന്റെ തുടക്കം. വടക്കോട്ട് ചരിവുള്ള കുന്നിൻപ്രദേശത്താണ് കുടുംബവീടിന് സമീപം ഈ പുതിയ വീട് ഒരുക്കിയത്. നിർമാണാനുമതിക്കായി പ്ലാൻ തയ്യാറാക്കാൻ മാത്രമാണ് എൻജിനീയറുടെ സഹായം തേടിയത്; ബാക്കിയെല്ലാം സ്വന്തം മേൽനോട്ടത്തിലായിരുന്നു.
ഈ മാസം 28-ന് ഗൃഹപ്രവേശം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. അമ്മ കെ. നാരായണി, ഭാര്യ വി.കെ. രമ്യ, ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മക്കൾ എസ്. ആദിൽദേവ്, എസ്. ആദിലക്ഷ്മി എന്നിവരടങ്ങുന്ന കുടുംബം പുതിയ വീട്ടിലേക്ക് മാറുന്ന സന്തോഷത്തിലായിരുന്നു.
എന്നാൽ സ്വപ്നഭവനത്തിലേക്ക് കാൽവെക്കേണ്ട ദിവസങ്ങൾ അടുത്തിരിക്കെ, കൺമുന്നിൽ വീട് ഓരോ നിമിഷവും കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുന്നത് കണ്ട് നെഞ്ചുപൊട്ടുകയാണ് ഈ കുടുംബം. അടിയന്തരമായി വിദഗ്ധ പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.













Leave a Reply