കോടികളുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നു; പരിയാരം മെഡിക്കൽ കോളേജിൽ വൻ അനാസ്ഥ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി കണ്ടെത്തൽ. ആശുപത്രിയുടെ ഏഴാമത്തെയും എട്ടാമത്തെയും നിലകളിലാണ് നടക്കാൻ പോലും കഴിയാത്ത വിധത്തിൽ മരുന്നുകളുടെ വൻ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിനകത്തെ ഗുരുതരമായ അനാസ്ഥയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

രോഗികൾ എത്തുന്ന ഇ.എൻ.ടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലങ്ങളിലുമാണ് മരുന്നുകൾ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത്. ഇഞ്ചക്ഷനുകൾ, നെബുലൈസർ സൊല്യൂഷനുകൾ, പാരസെറ്റമോൾ എന്നിവ ഉൾപ്പെടെ പി.പി.ഇ കിറ്റുകൾ വരെയുള്ള അവശ്യസാധനങ്ങളാണ് വലിയ ബോക്സുകളിലായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകിയ കോടികൾ വിലമതിക്കുന്ന മരുന്നുകളാണ് യാതൊരു സുരക്ഷയുമില്ലാതെ ഇത്തരത്തിൽ പാഴാകുന്നത്.

വർഷങ്ങളായി കാലാവധി കഴിഞ്ഞ മരുന്നുകളും പുതിയവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ സുരക്ഷിതമായി നീക്കം ചെയ്യാൻ പോലും ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഈ ഗുരുതരമായ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിവരം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ജീവൻരക്ഷാ മരുന്നുകളാണ് അധികൃതരുടെ അനാസ്ഥ കാരണം ഉപയോഗ ശൂന്യമായി നശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *