മുത്തങ്ങയിൽ വൻ ലഹരിവേട്ട; 41 ഗ്രാം എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വീണ്ടും വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 41 ഗ്രാം എം.ഡി.എം.എയുമായി (MDMA) യുവതിയും ആൺസുഹൃത്തും പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്ലാന, മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

വയനാട് ജില്ലാ പൊലീസ് മേധാവിക്ക് (എസ്.പി) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ പൊലീസ് കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. സുൽത്താൻ ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

തുടർന്ന് നടത്തിയ വിശദമായ ദേഹപരിശോധനയിൽ റസീലിന്റെ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് 41 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഇതിന് പുറമെ, ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബും ഇവർ സഞ്ചരിച്ച കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

രണ്ടുപേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കൊണ്ടുവന്നത് വിൽപന ലക്ഷ്യമിട്ടാണെന്നും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *