സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ ‘തൊപ്പി’ക്ക് വീണ്ടും പൊലീസ് നോട്ടീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആലുവ റൂറൽ സൈബർ പൊലീസാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

നേരത്തെ മുഹമ്മദ് നിഹാദ് നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. കേസിൽ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണെന്ന് നിരീക്ഷിച്ചായിരുന്നു ഹർജി തീർപ്പാക്കിയത്. എന്നാൽ, ഇതിനുശേഷവും മുഹമ്മദ് നിഹാദ് ഒളിവിൽ തുടരുകയാണ്. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള പൊലീസിൻ്റെ പുതിയ നടപടി.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ സൈബർ പൊലീസ് ഐ ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിഹാദിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.

വിദേശത്തേക്ക് കടക്കാൻ സാധ്യത; ലുക്ക്ഔട്ട് സർക്കുലർ

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ പോയതിനെ തുടർന്ന് നേരത്തെ മുഹമ്മദ് നിഹാദിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ നേരത്തെയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

യൂട്യൂബ് ചാനൽ എന്നെന്നേക്കുമായി പൂട്ടി

പൊലീസിൻ്റെ ഔദ്യോഗിക ശിപാർശയുടെയും പ്രത്യേക റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ നിഹാദിൻ്റെ പ്രധാന യൂട്യൂബ് ചാനൽ നേരത്തെ പൂർണമായും നീക്കം ചെയ്‌തിരുന്നു. നിയമലംഘനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു യൂട്യൂബിൻ്റെ ഈ നടപടി. ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുണ്ടായിരുന്ന ചാനലാണ് യൂട്യൂബ് എന്നെന്നേക്കുമായി പൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *