‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ ഭീഷണിയുമായി വീണ്ടും അര്‍ജുന്‍ ആയങ്കി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ കീഴടങ്ങില്ലെന്ന് പോലീസിന് പ്രതി അർജുൻ ആയങ്കിയുടെ വെല്ലുവിളി. പറ്റുമെങ്കിൽ കണ്ടുപിടിക്കാനാണ് പോലീസുകാരനോട് അർജുൻ ഫോൺ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യഘട്ടത്തിൽ കീഴടങ്ങാനായിരുന്നു താൻ ഉദ്ദേശിച്ചതെന്നും എന്നാൽ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും അർജുൻ ആയങ്കി ആരോപിക്കുന്നു. ഹൈക്കോടതിയിൽ കീഴടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇനി ജാമ്യം എടുത്ത ശേഷം മാത്രമേ പുറത്തുവരൂ എന്നും അർജുൻ ആയങ്കി ഊന്നുകൽ സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കുമെന്നും താൻ ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസ് തികച്ചും ഗൗരവമുള്ളതാണെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അർജുൻ ആയങ്കി പുറത്തുണ്ടെങ്കിൽ അത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി വിലയിരുത്തിയിരുന്നു.

കേസിന്റെ പശ്ചാത്തലം

കഴിഞ്ഞ മെയ് മാസത്തിലാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയെയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. തുടർന്ന് 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശമടങ്ങിയ കുറിപ്പ് അർജുൻ ഫേസ്ബുക്കിൽ പങ്കുവെക്കുന്നത്.

പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള പ്രധാന ഭീഷണി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പോലീസ് കേസെടുത്തത്.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ അർജുനെ അറസ്റ്റ് ചെയ്യാനായി ഊന്നുകൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് പോലീസിനെതിരെ വീണ്ടും വെല്ലുവിളിയുമായി അർജുൻ ആയങ്കി രംഗത്തെത്തിയിരിക്കുന്നത്. പ്രതിയെ വൈകാതെ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *