ദുരിതാശ്വാസത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് എം.വി.ഡി പിഴ ചുമത്തിയതായി പരാതി

പത്തനംതിട്ട: ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ സ്പെയർപാർട്സുകൾ വാങ്ങാൻ പോകുന്നതിനിടെ നടത്തിയ പരിശോധനയിലാണ് എം.വി.ഡി. നടപടിയെടുത്തത്.

പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. വാഹനത്തിന് മുന്നിൽ നിയമവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്തതിന് 2,000 രൂപയും ഉൾപ്പെടെ ആകെ 7,000 രൂപയാണ് പിഴയീടാക്കിയത്.

‘പിഴ അടയ്ക്കാം, പക്ഷെ ഈ സമയത്ത് വേദനിപ്പിച്ചു’

അതേസമയം, ചുമത്തിയ പെറ്റി അടയ്ക്കാൻ തയ്യാറാണെന്ന് വാഹനവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന നിലപാടിനോട് യോജിക്കുന്നുവെന്നും എന്നാൽ ദുരന്തമുഖത്ത് ജീവൻരക്ഷാ-സഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഇത്തരമൊരു നടപടി ഉണ്ടായത് മനോവിഷമമുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. മുന്നിൽ ഘടിപ്പിച്ച അധിക ലൈറ്റുകൾ വെറുതെ അലങ്കാരത്തിന് വെച്ചതാണെന്നും അവയിൽ വയറിംഗ് കണക്ട് ചെയ്തിരുന്നില്ലെന്നും ഉടമ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നതിനും ഓഫ് റോഡ് വാഹനങ്ങൾ വലിയ സേവനമാണ് കാഴ്ചവെച്ചത്. കോഴഞ്ചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓഫ് റോഡ് വാഹന ഉടമകളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *