ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്നോവ കാറുകൾ വാഗ്ദാനം ചെയ്ത് 22 ലക്ഷം തട്ടി; കാസർകോട് സ്വദേശി ഗുരുവായൂർ പോലീസിന്റെ പിടിയിൽ

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീറിനെയാണ് (32) ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. താമരയൂർ സ്വദേശി ഫെലിക്സ് ആന്റണിയുടെ പരാതിയിലാണ് നടപടി.

2024-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മൂന്ന് ഇന്നോവ കാറുകൾ എത്തിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്താണ് തൻസീർ ഫെലിക്സ് ആന്റണിയിൽ നിന്ന് 22 ലക്ഷം രൂപ കൈക്കലാക്കിയത്. എന്നാൽ മുഴുവൻ പണവും വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു കാർ മാത്രമാണ് നൽകിയത്. ബാക്കി കാറുകളോ വാങ്ങിയ പണമോ തിരികെ നൽകാൻ തയ്യാറാകാതെ പ്രതി മുങ്ങുകയായിരുന്നു.

തുടർന്ന് ഫെലിക്സ് ആന്റണി ഗുരുവായൂർ പോലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഒടുവിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് നിന്നാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

പ്രതിയായ തൻസീറിനെതിരെ സമാനമായ രീതിയിൽ കുറഞ്ഞ വിലയ്ക്ക് വാഹനം വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് മറ്റ് പലയിടങ്ങളിലും പരാതികളുണ്ടെന്ന് പോലീസ് അറിയിച്ചു.

ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐമാരായ സി.കെ. ഷാജു, എം.ബി. പ്രേമൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോസ് പോൾ, ജോമോൻ, ലാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *