കാസർകോട് ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കാസർകോട്: നഗരസഭാ പരിധിയിലെ പ്രമുഖ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയതും മനുഷ്യോപയോഗശൂന്യവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷ്യാവശിഷ്ടങ്ങൾ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉടൻതന്നെ നശിപ്പിച്ചു.

നഗരത്തിലെ ഓഷ്യൻ സീ ഫുഡ്, ലെ ബാംബൂ റെസ്റ്റോറൻ്റ്, ഹോട്ടൽ ഡീലക്‌സ്, ചായ കഥ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണം കണ്ടെത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാതെയും പ്രവർത്തിച്ച ഈ സ്ഥാപനങ്ങൾക്കെതിരെ നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്.

ഹെൽത്ത് ഇൻസ്പെക്ടർ മധു കെ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീന, വൈശാഖ്, മുബഷിറ, നൗഫിയ എന്നിവരടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

വരും ദിവസങ്ങളിലും നഗരത്തിലെ മുഴുവൻ ഭക്ഷണശാലകളിലും പരിശോധന ശക്തമായി തുടരാനാണ് നഗരസഭയുടെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *