കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ കാവ്യയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു അധ്യാപികയായ കീർത്തനയെ നേരത്തെ പിരിച്ചുവിട്ടിരുന്നു. പേരാമ്പ്ര ബിആർസിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെയാണ് കാവ്യയ്ക്കെതിരെയും നടപടി സ്വീകരിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സൂംബ ക്ലാസുകളിലും സജീവമായിരുന്ന അധ്യാപകർ ലഹരി കടത്തിൽ പിടിയിലായതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ.
ഹൈടെക് ലഹരി ഇടപാട്: പണം അക്കൗണ്ടിലേക്ക്, ലൊക്കേഷൻ അയച്ചുനൽകും
പോലീസ് നടത്തുന്ന അന്വേഷണത്തിൽ കേസിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വളരെ ആസൂത്രിതമായാണ് ഇരുവരും ലഹരി വ്യാപാരം നടത്തിയിരുന്നത്:
- ഇടപാട് രീതി: ലഹരി ആവശ്യപ്പെടുന്നവർ പണം അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് അയച്ചുനൽകുന്നത്.
- ഡെലിവറി: പണം ലഭിച്ച ശേഷം ലഹരി ഒളിപ്പിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷൻ ഇവർ വാട്സ്ആപ്പ് വഴി കൈമാറും. തുടർന്ന് അവിടെയെത്തി മറ്റൊരു സംഘമാണ് ലഹരി വാങ്ങുന്നവർക്ക് നൽകുന്നത്.
- പണമിടപാട്: സംശയം തോന്നാതിരിക്കാൻ ലക്ഷക്കണക്കിന് രൂപ എത്തുമ്പോൾ ഇത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റും. കാവ്യ വാങ്ങിയ ആഡംബര കാർ ലഹരിപ്പണം ഉപയോഗിച്ചാണോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
സഹപ്രവർത്തകർ പറയുന്നത്: “കീർത്തനയും കാവ്യയും എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു. കീർത്തന പിടിയിലായപ്പോൾ കാര്യങ്ങൾ കാവ്യയോട് ചോദിച്ചിരുന്നു. രണ്ടു വർഷം മുൻപ് അപകടം പറ്റിയപ്പോൾ കാവ്യയെ സഹായിച്ചതാണ്. പിന്നീട് ആഡംബര കാർ വാങ്ങിയപ്പോൾ ചോദിച്ചപ്പോൾ സഹോദരന്റേതാണെന്നാണ് പറഞ്ഞത്.”
അന്വേഷണം മറ്റു അധ്യാപകരിലേക്കും; ശക്തമായ പ്രതിഷേധം
വിദ്യാർത്ഥികൾ ലഹരി ശൃംഖലയുടെ ഇരകളായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് അധ്യാപകർ കൂടി നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. പേരാമ്പ്ര സ്വദേശികളായ ഇവരുടെ അക്കൗണ്ടുകളിലേക്കും സമാനമായ രീതിയിൽ സംശയാസ്പദമായ തുക എത്തിയിട്ടുണ്ട്. ഇവരുടെ ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കും.
അതിനിടെ, ലഹരി കേസിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര ബിആർസിയിലേക്ക് KSU, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, MSF പ്രവർത്തകർ ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.














Leave a Reply