കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങളും രാജിവെപ്പുകളും തുടർക്കഥയാകുന്നു. ഭരണസമിതിയിൽ വീണ്ടും രാജി രേഖപ്പെടുത്തിയിരിക്കുകയാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി ആശ അരവിന്ദ് ആണ് തന്റെ രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയത്.
ജനറൽ ബോഡി കൈക്കൊണ്ട തീരുമാനങ്ങൾക്ക് എതിരായി നിലകൊള്ളുന്നത് ശരിയല്ലെന്ന ബോധ്യം തനിക്കുണ്ടെന്ന് വ്യക്തമാക്കിയാണ് ആശ അരവിന്ദിന്റെ രാജി. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുമെന്നും അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും അവർ രാജിക്കത്തിൽ കുറിച്ചു. സംഘടനയുടെ ‘സഞ്ജീവനി’ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളിൽ ഇതുവരെ ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. നേരത്തെ താൽക്കാലികമായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചിരുന്നു.
ശ്വേതാ മേനോനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വോട്ടെടുപ്പ്
അതേസമയം, ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ സംഘടനയ്ക്കുള്ളിൽ എതിർപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ശക്തമാകുകയാണ്. ശ്വേത പ്രസിഡന്റ് സ്ഥാനത്ത് തുടരണോ അതോ പുതിയ തിരഞ്ഞെടുപ്പ് വേണോ എന്ന വിഷയത്തിൽ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടന്നതായാണ് വിവരം. ‘അമ്മ പെൺമക്കൾ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഭിപ്രായ രൂപീകരണത്തിനായി വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ഇതിന്റെ ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്.
ഗ്രൂപ്പിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിഭാഗം അംഗങ്ങളും പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. പോൾ ചെയ്തതിൽ 32 പേർ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള സമിതി തുടരണമെന്ന് ഒരാൾ പോലും വോട്ട് ചെയ്തില്ലെന്നതാണ് ശ്രദ്ധേയം. ഇതിനുമുമ്പ് ശ്വേതാ മേനോനെ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർച്ചയായുണ്ടാകുന്ന രാജികളും ആഭ്യന്തര ഭിന്നതകളും ‘അമ്മ’ സംഘടനയെ വരുംദിവസങ്ങളിൽ കൂടുതൽ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.














Leave a Reply