60 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്ന കേസ്: കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

മംഗളൂരു: ആളെില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ-വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നംഗ സംഘത്തെ ഹെബ്രി പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് നെല്ലിക്കട്ട സ്വദേശി മുഹമ്മദ് സഫ്‌വാൻ, കാസർകോട് മുട്ടത്തൊടിയിൽ താമസമാക്കിയ ചെന്നൈ സ്വദേശി രാംദിൻ സലീം, മൂഡബിദ്രി സ്വദേശി ഹരീഷ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസിലെ മറ്റൊരു പ്രതി നിലവിൽ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ മെയ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹെബ്രി സ്വദേശി കീർത്തന പ്രഭുവിന്റെ വീട് കുത്തിത്തുറന്നാണ് പ്രതികൾ വൻ കവർച്ച നടത്തിയത്. 49.42 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, 3.95 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും ഉൾപ്പെടെ ആകെ 59.77 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വീട്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നത്.

തുടർന്ന് അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. ഉഡുപ്പിയിലെ താമസസ്ഥലത്തുനിന്നാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. ഇവരിൽ നിന്ന് നടത്തിയ റെയ്ഡിൽ 37.87 ലക്ഷം രൂപ വിലവരുന്ന സ്വർണ, വെള്ളി ആഭരണങ്ങളും, പ്രതികൾ സഞ്ചരിക്കാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *