കാസർകോട് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് 2 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കാസർകോട്: ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി രണ്ട് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പയ്യന്നൂർ പെരിങ്ങോം ഏച്ചിലാംപാറയിലെ മനു കാഞ്ഞിരത്തുമൂട്ടിലിനെയാണ് (45) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. കോടതി വിധിച്ച പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.

2020-ൽ നടന്ന സംഭവം

2020 ജനുവരി 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാവിലെ 6.15-ഓടെ ചീമേനി പോത്താംകണ്ടത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഏഴുകിലോ കഞ്ചാവുമായി മനുവിനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അന്വേഷണവും കോടതി നടപടികളും

തുടർന്ന് ഹൊസ്‌ദുർഗ് എക്സൈസ് റെയ്ഞ്ച് സർക്കിൾ ഇൻസ്പെക്ടർ ഡി. മധുസൂദനൻ പിള്ളയാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. തുടർനടപടികൾ പൂർത്തിയാക്കി ഡി. അരുൺ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാരായ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *