മാവുങ്കാലിൽ അണ്ടർപാസേജിൽ വെള്ളക്കെട്ട്; സ്കൂൾ ബസ് കുഴിയിലേക്ക് ചെരിഞ്ഞു, ഒഴിവായത് വൻ ദുരന്തം

കാസർകോട്: ദേശീയപാതയിലെ മാവുങ്കാൽ മൂലക്കണ്ടം അണ്ടർപാസേജിനടിയിലെ വെള്ളക്കെട്ടിൽ രൂപപ്പെട്ട കുഴിയിലേക്ക് സ്‌കൂൾ ബസ് ചരിഞ്ഞു. ബസിലുണ്ടായിരുന്ന മുപ്പതോളം വിദ്യാർത്ഥികൾ യാതൊരുവിധ പരിക്കുകളുമില്ലാതെ സുരക്ഷിതരായി പുറത്തെത്തിയതോടെ ഒഴിവായത് വൻ ദുരന്തം.
ഇന്ന് (ചൊവ്വാഴ്ച) വൈകിട്ടോടെയായിരുന്നു സംഭവം. നെല്ലിത്തറ – മണ്ണട്ട വഴി വെള്ളിക്കോത്തേക്ക് പോവുകയായിരുന്ന സദ്ഗുരു സ്‌കൂളിന്റെ ബസാണ് വെള്ളക്കെട്ടിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിലെ കുഴിയിലേക്ക് ബസ് ചരിഞ്ഞു നിൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി.
കാരണം അണ്ടർപാസേജിലെ വെള്ളക്കെട്ട്
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഓവുചാൽ നിർമ്മാണം പാതിവഴിയിലായതാണ് ഇവിടെ പൂർണ്ണമായും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. പുല്ലൂർ തോട്ടിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം ഓവുചാലിന്റെ അപാകത മൂലം അണ്ടർപാസേജിന് അടിയിൽ തന്നെ കെട്ടിക്കിടക്കുകയാണ്.
റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം അടിയിലെ കുഴി കൃത്യമായി മനസ്സിലാക്കാൻ ഡ്രൈവർക്ക് സാധിക്കാതെ വന്നതാണ് ബസ് കുഴിയിലേക്ക് ചരിയാൻ ഇടയാക്കിയത്. പ്രദേശത്തെ വെള്ളക്കെട്ടിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *