പാലക്കുന്ന് ഐഡിയൽ ബേക്കറിയിൽ കവർച്ച; പണവും മൊബൈലും മാത്രമല്ല, ചോക്ലേറ്റും തൂത്തുവാരി മോഷ്ടാവ്!

പാലക്കുന്ന്: പാലക്കുന്ന് ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐഡിയൽ ബേക്കറിയിൽ വൻ കവർച്ച. കടയുടെ പൂട്ട് തകർത്ത് അകത്തുകടന്ന അജ്ഞാതനായ മോഷ്ടാവ് പണവും മൊബൈൽ ഫോണും ബേക്കറി പലഹാരങ്ങളും കവർന്നു. സംഭവത്തിൽ ബേക്കറി ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂൺ ഒന്നിന് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഉടമ കട പൂട്ടിപ്പോയത്. ഇന്ന് (ജൂൺ 2) രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെതും മോഷണവിവരം പുറത്തറിഞ്ഞതും.

കവർന്നത് അരലക്ഷത്തോളം രൂപയുടെ സാധനങ്ങൾ

കടയിൽ സൂക്ഷിച്ചിരുന്ന 21,000 രൂപയും, 15,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്. എന്നാൽ പണത്തിനും ഫോണിനും പുറമെ കടയിലുണ്ടായിരുന്ന പ്രശസ്തമായ ‘കുണാഫ’യും വിലപിടിപ്പുള്ള ചോക്ലേറ്റുകളും മോഷ്ടാവ് അപഹരിച്ചിട്ടുണ്ട്. മൊത്തം അരലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പോലീസ് ഇൻക്വസ്റ്റും മറ്റ് പരിശോധനകളും നടത്തി. കടയ്ക്കുള്ളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാവ് അകത്തുകയറി കവർച്ച നടത്തുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയാനും ഉടൻ തന്നെ വലയിലാക്കാനുമുള്ള ഊർജിതമായ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *