45 വർഷങ്ങൾക്ക് ശേഷം ആ പഴയ അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു; കുമ്പള ജി.എച്ച്.എസ് പുനഃസമാഗമം ഓർമ്മകളുടെ മധുരനിമിഷമായി

കാസർകോട്: നാലരപ്പതിറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിനൊടുവിൽ, പത്താം ക്ലാസ് കാലത്തെ ആ പഴയ കൂട്ടുകാരും അവരെ അറിവിന്റെ ലോകത്തേക്ക് നയിച്ച ഗുരുക്കന്മാരും വീണ്ടുമൊരുമിച്ചു. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ (GHSS) 1981 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പുനഃസമാഗമമാണ് കാസർകോട് മാന്യ വിൻടച്ചിൽ അരങ്ങേറിയത്. ‘ഗുരുവന്ദനം’ എന്ന് പേരിട്ട പരിപാടി ഓർമ്മ പുതുക്കലുകൾ കൊണ്ടും ആദരവുകൊണ്ടും ഏറെ ശ്രദ്ധേയമായി.

പഴയ കാലത്തെ പ്രിയ അധ്യാപകരായ സാംസൺ, വർഗീസ്, സലാം എന്നിവർ വേദിയിൽ ഒരിക്കൽ കൂടി തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തപ്പോൾ അത് എല്ലാവരെയും സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സാമൂഹിക-സാംസ്കാരിക-ഔദ്യോഗിക രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളാണ് ഈ ബാച്ചിൽ നിന്നും ഒത്തുചേർന്നത്. മുൻ വിദ്യാർത്ഥികളായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ, പ്രമുഖ എഴുത്തുകാരൻ കെ.എം. അബ്ബാസ്, പ്രശസ്ത ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. യൂസുഫ് കുമ്പള, ഹനീഫ അരമന, സാമൂഹിക പ്രവർത്തകൻ സി.എം. ഹംസ, പ്രവാസി സംരംഭകൻ ഹസ്സൻ കൊപ്രബസാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ അഷ്റഫ് കർളെ ചടങ്ങിൽ പങ്കെടുത്ത അധ്യാപകരെ ആദരിച്ചു. പ്രൊഫഷണൽ രംഗത്തെ മികവിന് ഡോ. യൂസുഫ് കുമ്പള, കസ്റ്റംസ് ഉദ്യോഗസ്ഥൻ മുഹമ്മദ് കാജാർ എന്നിവർക്ക് ചടങ്ങിൽ വെച്ച് മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. പുനഃസമാഗമത്തിന്റെ ഭാഗമായി പ്രത്യേക ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ ഒത്തുചേരൽ പങ്കെടുത്തവർക്കെല്ലാം ഹൃദ്യമായൊരു അനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *