കാഞ്ഞങ്ങാട്: കുറ്റിക്കാടുകളും മാലിന്യക്കൂമ്പാരങ്ങളും കെട്ടിക്കിടക്കുന്ന മലിനജലവുമൊക്കെ നിറഞ്ഞ പഴയ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരം ഇനി ഓർമ്മയാകുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വലിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്നത്. ഏകദേശം 14 കോടി രൂപയോളം ചിലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങളുടെ 60 ശതമാനത്തോളം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സ്റ്റേഷൻ അടിമുടി മാറി അത്യാധുനിക രൂപത്തിലാകും.
തീരദേശവാസികൾക്ക് ആശ്വാസമായി പുതിയ മേൽനടപ്പാത
ഈ നവീകരണ പദ്ധതിയിലെ ഏറ്റവും വലിയ പ്രത്യേകത സ്റ്റേഷന്റെ വടക്കുഭാഗത്ത് പ്ലാറ്റ്ഫോമിന് മീതെക്കൂടി ഒരുങ്ങുന്ന പുതിയ മേൽനടപ്പാതയാണ് (Foot Over Bridge). റെയിൽവേ ട്രാക്കിന്റെ പടിഞ്ഞാറുഭാഗത്തുള്ള തീരദേശ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിലേക്കും കാഞ്ഞങ്ങാട് ടൗണിലേക്കും എളുപ്പത്തിൽ നടന്നെത്താൻ ഈ പാത സഹായിക്കും. ട്രാക്കിന്റെ മതിലിനപ്പുറം പടിഞ്ഞാറുഭാഗത്തുനിന്ന് യാത്രക്കാർക്ക് ലിഫ്റ്റ് വഴി ഈ പാലത്തിലേക്ക് കയറാം. കൂടാതെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. നിലവിൽ മേൽനടപ്പാതയുടെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
വിശാലമായ മുറ്റവും പുതിയ പോർച്ചും
യാത്രക്കാരുടെ വലിയൊരു പരാതിയായിരുന്ന വാഹന പാർക്കിങ് സൗകര്യക്കുറവിനും ഇതോടെ ശാശ്വത പരിഹാരമാവുകയാണ്. സ്റ്റേഷന്റെ മുൻഭാഗത്തെ പഴയ പോർച്ച് പൂർണ്ണമായും പൊളിച്ചുമാറ്റി വീതിയും നീളവുമുള്ള പുതിയ വലിയൊരു പോർച്ചാണ് നിർമിക്കുന്നത്. പുതിയ പോർച്ച് വരുന്നതോടെ സ്റ്റേഷൻ മുറ്റം കൂടുതൽ വിശാലമാകും. ഒരേസമയം രണ്ട് മൂന്ന് വാഹനങ്ങൾക്ക് ആളുകളെ കയറ്റാനും ഇറക്കാനുമായി ഇവിടെ നിർത്തിയിടാൻ സാധിക്കും.
മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി സ്റ്റേഷന്റെ മുന്നിൽ ദീപ്തി തീയറ്ററിനോട് ചേർന്നുള്ള അതിർത്തിയിൽ മീറ്ററുകളോളം നീളത്തിൽ വലിയ ഡ്രൈനേജ് നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇതിനായി ഇവിടെയുണ്ടായിരുന്ന മരവും എ.ടി.എം. കൗണ്ടറുമൊക്കെ പൂർണ്ണമായും മാറ്റിസ്ഥാപിച്ചാണ് പണി നടത്തുന്നത്.
പ്ലാറ്റ്ഫോമുകൾക്ക് പുതിയ മേൽക്കൂരകൾ
സ്റ്റേഷന്റെ കോൺക്രീറ്റ് കെട്ടിടത്തിന് മുകളിലായി ആകർഷകമായ രീതിയിലുള്ള പുതിയ മേൽക്കൂര വരുന്നുണ്ട്. ഇതിന് പുറമെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ സൗകര്യാർത്ഥം അഞ്ച് പുതിയ മേൽക്കൂരകൾ കൂടി അധികമായി നിർമിക്കും.
വടക്കുഭാഗത്ത് മീൻചന്തയുടെ എതിർവശത്ത് ഉണ്ടായിരുന്ന കുറ്റിക്കാടുകളും മാലിന്യക്കൂമ്പാരങ്ങളും, തെക്കുഭാഗത്ത് കെട്ടിക്കിടന്നിരുന്ന മലിനജലവുമെല്ലാം ഇപ്പോൾ റെയിൽവേ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം മണ്ണും കല്ലുമിട്ട് നികത്തി, മനോഹരമായ വാഹന പാർക്കിങ് ഗ്രൗണ്ടാക്കി മാറ്റിയിരിക്കുകയാണ്. വരും മാസങ്ങളിൽ ഈ വികസന പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ പൂർത്തിയാകുന്നതോടെ കാസറഗോഡ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച റെയിൽവേ സ്റ്റേഷനുകളിലൊന്നായി കാഞ്ഞങ്ങാട് മാറും.













Leave a Reply