കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി എറണാകുളത്ത് അറസ്റ്റില്‍. ഉളിയത്തടുക്ക, നാഷണല്‍ നഗര്‍ ബിസ്മില്ല മന്‍സിലിലെ ഹനീഫി(38)നെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എറണാകുളം, ടിബി റോഡ് ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റിന്റെ ചാരുന്ന ഭാഗത്ത് രഹസ്യ അറ ഉണ്ടാക്കി അതിനു മുകളില്‍ സീറ്റ് ഉറപ്പിച്ചാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സീറ്റു പൊളിച്ചു മാറ്റിയാണ് 31 പ്ലാസ്റ്റിക് പൊതികളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നു കടത്തിക്കൊണ്ടു വന്ന കഞ്ചാവ് കോട്ടയം ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പിടിയിലായത്. ഒഡീഷയിലെ ലഹരി സംഘത്തില്‍ നിന്നും കഞ്ചാവു വാങ്ങി ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് ഇയാള്‍ കഞ്ചാവ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി എറണാകുളം പൊലീസ് ഉടന്‍ കാസര്കോട്ടെത്തുമെന്നാണ് സൂചന.
കാറില്‍ കടത്തിയ 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി എറണാകുളത്ത് അറസ്റ്റില്‍
















Leave a Reply