ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേര്‍ അറസ്റ്റില്‍

കുമ്പള: ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ദീര്‍ഘനാളായി മണലൂറ്റു കേസുകളില്‍ മണലും ലോറിയും തോണികളുമൊക്കെ പിടിയിലായിരുന്നെങ്കിലും മണലൂറ്റു മാഫിയ തലവന്മാര്‍ തന്ത്രപൂര്‍വ്വം പിടിയില്‍ നിന്നു വഴുതി മാറുകയായിരുന്നു. ആദ്യമായാണ് മണലൂറ്റല്‍ മാഫിയ തലവന്മാര്‍ കെണിയിലാവുന്നത്. ഇച്ചിലങ്കോട്ടെ ഇഷാന മന്‍സിലിലെ മുഹമ്മദ് ഫാറൂഖ് (52), ഇച്ചിലങ്കോട്ടെ അബ്ദുല്‍ ബഷീര്‍ (48), കൂടാല്‍ മേര്‍ക്കളയിലെ മുഹമ്മദലി (47) എന്നിവരാണ് അറസ്റ്റിലായത്. ഷിറിയ പുഴയിലെ ഇച്ചിലങ്കോട് നിന്നു പൂഴി കടത്താനുള്ള ശ്രമത്തിനിടെ ലോറിയും മണലുമുപേക്ഷിച്ചു പൂഴി ഊറ്റല്‍ സംഘവും പൂഴി കടത്ത് മാഫിയ തലവന്മാരും രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതില്‍ രണ്ടു പേരാണ് പിടിയിലായ മുഹമ്മദ് ഫാറൂഖും അബ്ദുല്‍ ബഷീറും. സംഭവത്തില്‍ പൊലീസ് പിന്മാറില്ലെന്നു ബോധ്യമായ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു.
മണ്ടേക്കാപ്പില്‍ പൂഴി കടത്തിനിടയില്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നയാളാണ് മുഹമ്മദലിയെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ആ ഭാഗങ്ങളില്‍ നിന്നു പൊലീസ് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *