പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നു. ചൂട് ഉയരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സ്കൂളുകളിൽ ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കുട്ടികൾക്ക് വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളോ വിനോദയാത്രകളോ പാടില്ലെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും നിർമ്മാണ തൊഴിലാളികൾക്കും ഉച്ചസമയത്ത് വിശ്രമം അനുവദിക്കണമെന്നും അതോറിറ്റി അറിയിച്ചു. ചൂട് കൂടുന്നതോടെ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടെ ഫയർ ഓഡിറ്റും സുരക്ഷാ മുൻകരുതലുകളും കർശനമാക്കണം. വനമേഖലയിൽ കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും പരിസരവാസികളും ജാഗ്രത പാലിക്കണം.
മൃഗങ്ങളുടെ കാര്യത്തിലും കരുതലുണ്ടാകണം. കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *