കൊടുംചൂടില്‍ തണ്ണീര്‍മത്തന് ആവശ്യക്കാരേറി; കയറ്റുമതി നിലച്ചതോടെ വിലയില്‍ കുറവ്

കാസർകോട്: കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ ദാഹമകറ്റാന്‍ ജനങ്ങള്‍ വലിയ തോതില്‍ തണ്ണിമത്തനെ ആശ്രയിക്കുന്നു. തട്ടുകടകളിലും തെരുവോരങ്ങളിലും ഐസ് ചേര്‍ത്ത തണുപ്പിച്ച ബത്തക്ക സര്‍ബത്ത് കുടിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തണ്ണിമത്തന്റെ വിപണനം സജീവമായി തുടര്‍ന്നു. കഠിനമായ ചൂടില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ പത്ത് രൂപ നിരക്കില്‍ ലഭിക്കുന്ന ബത്തക്ക ജ്യൂസ് സാധാരണക്കാര്‍ക്ക് വലിയ തുണയാകുന്നുണ്ട്.

പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ള തണ്ണിമത്തന്‍ കയറ്റുമതിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയില്‍ തണ്ണിമത്തന്റെ വില കുറയാന്‍ കാരണമായി. ചെറിയ ഇനം തണ്ണിമത്തനുകള്‍ക്ക് പത്ത് രൂപ നിരക്കില്‍ ഇപ്പോള്‍ തെരുവോരങ്ങളില്‍ നിന്ന് ലഭ്യമാണ്. വലിയ തണ്ണിമത്തനുകള്‍ക്ക് കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെയാണ് വിപണിയിലെ വില. ചുവപ്പ് നിറത്തിന് പുറമെ മഞ്ഞ, പച്ച നിറങ്ങളിലുള്ള തണ്ണിമത്തനുകളും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്.

Leave a Reply

Your email address will not be published. Required fields are marked *