വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവിനെ അറസ്റ്റ് ചെയ്തു

ചെങ്ങന്നൂര്‍ : വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവിനെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ കാവിന്റെ വടക്കേതില്‍ നന്തു എസ് കുമാര്‍ (26) ആണ് പിടിയിലായത്. ചെറിയനാട് ചെറുവല്ലൂര്‍ ഭാഗത്തുള്ള ‘ശ്രീ സദനം’ എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു നന്തു. ഇയാള്‍ സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി വീട്ടുപറമ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി വെണ്‍മണി സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ബാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

പറമ്പില്‍ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ടിരുന്ന സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ബാബു, സബ് ഇന്‍സ്‌പെക്ടര്‍ പുഷ്പശോഭനന്‍ എന്നിവരും എഎസ്‌ഐ സതീഷ് കുമാര്‍, സിപിഒമാരായ ഷിഹാബ് സലാം, സനല്‍ കുമാര്‍, വിജേഷ് വി എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *