ജോലി നഷ്ടപ്പെടുമെന്ന ഭീതി: കാസർകോട് കെ.എസ്.ആർ.ടി.സി താത്കാലിക കണ്ടക്ടർ തൂങ്ങിമരിച്ചു

കാസർകോട്: ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടർന്ന് 18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താത്കാലിക കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെ മകൻ യോഗീഷ് കുമാർ (40) ആണ് മരിച്ചത്. പുതുതായി പണിത വീടിന് സമീപത്തെ ഷെഡിലാണ് യോഗീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട്-സുള്ള്യ റൂട്ടിലെ കണ്ടക്ടറായിരുന്നു യോഗീഷ്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. യോഗീഷും മാതാവ് ബേബിയും മാത്രമാണ് വീട്ടിൽ താമസം. മാതാവ് കേളുഗുഡെയിലെ വീട്ടിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മകനെ ഷെഡിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന ഭീതിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെയാണ് പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഇവർ താമസം മാറിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം.

സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരിമാർ: ജലജാക്ഷി, ശോഭ, അരുണാക്ഷി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ അതിജീവനത്തിനായി വിദഗ്ധരുടെ സഹായം തേടുക. (ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *