‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല’; ടാറ്റ പ്രതിനിധികളുമായുള്ള ചർച്ചയുടെ ചിത്രം പുറത്തുവിട്ട് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന്റെ കേരളത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി സതീശന് പൂർണ്ണ പിന്തുണയുമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ടാറ്റ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതിന്റെ ചിത്രം വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയാണ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ സമ്മേളന കാലത്താണ് ഈ ചർച്ച നടന്നത്. ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ചിത്രത്തിൽ മുഖ്യമന്ത്രിക്ക് പുറമെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ട്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രൊജക്ടിന്റെ തുടർച്ചയുമായാണ് ടാറ്റാ പ്രതിനിധികൾ എത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. അന്ന് എം.ഒ.യു (ധാരണാപത്രം) ആയിരുന്നെങ്കിൽ, ഇപ്പോൾ അത് ഔദ്യോഗികമായി വന്നു കണ്ട് മുന്നോട്ട് പോകാം എന്ന നിലയിലായിട്ടുണ്ട്. എന്നാൽ മലബാർ സിമന്റ്സ് ഉൾപ്പെടെയുള്ളവരുടെ കരാർ ഇതിലുള്ളതിനാൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പതിനായിരം കോടിയുടെ നിക്ഷേപമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ടാറ്റ പ്രതിനിധികൾ വന്നു കണ്ടുവെന്നേ താൻ അവകാശപ്പെട്ടിട്ടുള്ളൂ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി. ഇത് ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ട് തന്നെയാണെന്നും മുഖ്യമന്ത്രി ടാറ്റയുടെ പേരിൽ കള്ളം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

വിവാദത്തിന് പിന്നിൽ: ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ ഭാഗമായി കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ ശാലയ്ക്കായി ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത്തരമൊരു പ്രൊപ്പോസൽ സംസ്ഥാനത്തിന് നൽകിയിട്ടില്ലെന്നും നിലവിൽ 10,000 കോടി നിക്ഷേപിക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കി ടാറ്റ പ്രതിനിധി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഈ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയെ പ്രതിരോധിച്ചുകൊണ്ട് വ്യവസായ മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി ചർച്ചയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *