കാസർകോട്: ജനവാസ മേഖലയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാർ കയ്യോടെ പിടികൂടി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ലോറിയിലുണ്ടായിരുന്ന രണ്ടുപേർ കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെ മൊഗ്രാൽ പുത്തൂർ ആസാദ് നഗറിലാണ് സംഭവം.
ദേശീയപാതാ സർവീസ് റോഡിനും റെയിൽവെ ട്രാക്കിനും ഇടയിലുള്ള സ്ഥലത്താണ് മാലിന്യം തള്ളാൻ ശ്രമിച്ചത്. വിദ്യാർത്ഥികളടക്കമുള്ള പ്രദേശവാസികൾ ദിവസവും നടവഴിയായി ഉപയോഗിക്കുന്ന സ്ഥലമാണിത്.
നാട്ടുകാരുടെ ജാഗ്രത തുണയായി
ഈ ഭാഗത്ത് രാത്രികാലങ്ങളിൽ പതിവായി കക്കൂസ് മാലിന്യം തള്ളുന്നത് രൂക്ഷമായതോടെ നാട്ടുകാർ കുറച്ചുദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടയുകയായിരുന്നു. എന്നാൽ വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ലോറിയിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും
തുടർച്ചയായി മാലിന്യം തള്ളുന്നത് കാരണം ദേശീയപാതയിലടക്കം രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇത് പ്രദേശവാസികൾക്ക് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ദുരിതവുമാണ് സൃഷ്ടിക്കുന്നത്.
സംഭവമറിഞ്ഞ് പഞ്ചായത്തംഗം സമീന സിദ്ദീഖ് ബേക്കൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അവർ പൊലീസിനോട് ആവശ്യപ്പെട്ടു.














Leave a Reply