തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മു മഞ്ചേരി പൊലീസിന്റെ പിടിയിൽ; ഒളിവിൽ പോയ നിഹാദിനായി വലവിരിച്ച് അന്വേഷണസംഘം.

മലപ്പുറം: വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരായ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. തൊപ്പി ഗാങ്ങിലെ സജീവ അംഗമായ കോഴിക്കോട് സ്വദേശി മുഹമ്മദ്‌ (മമ്മു) എന്നയാളെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലൈവ് സ്ട്രീമിങ്ങിനിടെ കോഴിക്കോട് സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ലൈവ് സ്ട്രീമിനിടെ ഗായകൻ ഹനാൻഷായെ പരാമർശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയെ ലൈവിൽ അപമാനിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി.

തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യത; ലുക്കൗട്ട് സർക്കുലർ ഉടൻ

അതേസമയം, സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ഗുരുതരമായ കേസിൽ മുഖ്യപ്രതിയായ യൂട്യൂബർ തൊപ്പി (നിഹാദ്) ഒളിവിൽ തുടരുകയാണ്. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ നിഹാദിനെതിരെ ഉടൻ തന്നെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാണ് പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി തൊപ്പിയുടെ പാസ്പോർട്ട് വിവരങ്ങൾ പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും, തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മറുപടി നൽകിയ ശേഷമാണ് തൊപ്പി ഒളിവിൽ പോയത്. തുടർന്ന് പൊലീസ് രണ്ടാമതും നോട്ടീസ് അയച്ചെങ്കിലും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതി രാജ്യം വിടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പൊലീസ് ലുക്കൗട്ട് നോട്ടീസിലേക്ക് കടക്കുന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി മഞ്ചേരി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *