കാസർകോട്: കുമ്പള കോട്ടേക്കാറിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രവി പൂജാരിയുടെ സഹോദരൻ സുനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും സ്വാഭാവിക മരണമാണെന്നും കുമ്പള പോലീസ് അറിയിച്ചു.
കോട്ടേക്കാർ സ്വദേശിയും പെയിൻ്റിംഗ് തൊഴിലാളിയുമായ നാല്പതുകാരനായ സുനിൽകുമാറിനെ ബുധനാഴ്ച രാവിലെയാണ് വീടിനടുത്തുള്ള മൈതാനത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്ന സുനിൽ കുമാറിനെ പിന്നീട് മൂക്കിൽ നിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തുടർന്ന് നടന്ന വിദഗ്ദ്ധമായ പോസ്റ്റുമോർട്ടത്തിലാണ് ശരീരത്തിൽ രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. ബി.പി വർദ്ധിച്ചതിനെ തുടർന്ന് തലയ്ക്കുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഇതോടെ കൊലപാതകമാണോ എന്നതടക്കമുള്ള നാട്ടുകാരുടെ ആശങ്കകൾക്കും ദുരൂഹതകൾക്കും അവസാനമായിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കുമ്പളയിലെ സുനിൽ കുമാറിൻ്റെ മരണം; ദുരൂഹത നീങ്ങി, കാരണം തലയിലെ രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.













Leave a Reply