സ്വന്തം ജീവൻ നൽകി മറ്റൊരാളുടെ ജീവൻ രക്ഷിച്ച രാജേഷിന്റെ മക്കൾക്ക് ഇനി തണലായി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും

തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവത്യാഗം ചെയ്ത തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം നടൻ മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും ഏറ്റെടുത്തു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ ‘എംജിഎം ഗ്രൂപ്പും’ സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

കിളിമാനൂർ എംജിഎം ടെക്‌നോളജിക്കൽ ക്യാമ്പസിൽ സംഘടിപ്പിച്ച ‘ജീവാമൃതം’ രക്തദാന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവെ രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് 40,000 പേരെ പങ്കെടുപ്പിച്ചു നടത്തുന്ന ആഗോള രക്തദാന ക്യാമ്പയിന്റെ ഭാഗമായി എംജിഎം ഗ്രൂപ്പിലെ 7,500 വിദ്യാർത്ഥികളാണ് ഈ പദ്ധതിയിൽ പങ്കാളികളാകുന്നത്.

കണ്ണൂർ ചെറുപുഴയിൽ വെച്ച് അപകടത്തിൽപ്പെട്ട മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 36-കാരനായ രാജേഷ് ദുരന്തത്തിൽപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ നിർധനരായ കുടുംബത്തെയും മക്കളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് രാജേഷിന്റെ വീട് സന്ദർശിച്ച രമേശ് ചെന്നിത്തല, എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിദ്യാഭ്യാസ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ മമ്മൂട്ടി കുട്ടികളുടെ പഠനച്ചെലവ് പൂർണ്ണമായും ഏറ്റെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

നഴ്സറി മുതൽ പിജി വരെ സൗജന്യ പഠനം

എംജിഎം ഗ്രൂപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഴ്സറി തലം മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള ഏത് കോഴ്സുകളിലും കുട്ടികൾ പഠിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം പൂർണ്ണമായും സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് ‘വിദ്യാമൃതം’ പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്. പ്രതിസന്ധിഘട്ടത്തിൽ അടിയന്തരമായി ഇടപെട്ട് സഹായഹസ്തം നീട്ടിയ മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെയും എംജിഎം ഗ്രൂപ്പിനെയും ചടങ്ങിൽ രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *