കണ്ണൂരില്‍ തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരതയെന്ന് പരാതി; സ്‌കൂളില്‍ പ്രതിഷേധം

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതി. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപികയായ സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. തലകറങ്ങി നിലത്തുവീണ കുട്ടിയോട് “ചത്തില്ലേ” എന്ന് ചോദിച്ചതായും കാലുകൊണ്ട് ചവിട്ടിയതായും രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ക്രൂരമായ ഈ അനുഭവം ഉണ്ടായത്. രക്തത്തിലെ സോഡിയം അളവിൽ വ്യതിയാനം വരുന്ന അസുഖത്തിന് കുട്ടി സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടായിരുന്നു. ഈ ആരോഗ്യവിവരം സ്കൂൾ അധികൃതർക്ക് നേരത്തെ തന്നെ അറിയാവുന്നതുമായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.

ഇന്നലെ ഉച്ചയോടെയാണ് ക്ലാസ് മുറിയിൽ വെച്ച് കുട്ടി അസ്വസ്ഥത തോന്നി തലകറങ്ങി വീണത്. ഭയന്നുപോയ സഹപാഠികൾ വിവരം പറയാനായി ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ അവിടെ ക്ലാസ് ടീച്ചർ കൂടിയായ സിസ്റ്റർ ലിന്റോ ജോസാണ് ഉണ്ടായിരുന്നത്. എന്നാൽ കുട്ടികൾ വിവരം ധരിപ്പിച്ചപ്പോൾ, ‘അസുഖമുള്ള കുട്ടിക്ക് എന്തുകൊണ്ട് തന്നോട് നേരിട്ട് വന്നു പറഞ്ഞുകൂടാ’ എന്ന തരത്തിൽ ദേഷ്യപ്പെടുകയാണ് ഇവർ ചെയ്തതെന്ന് കുട്ടികൾ ആരോപിക്കുന്നു.

തുടർന്ന് ക്ലാസിലേക്ക് എത്തിയ അധ്യാപിക, നിലത്തു കിടക്കുകയായിരുന്ന കുട്ടിയെ കാലുകൊണ്ട് തട്ടി മാറ്റുകയും “ചത്തില്ലേ” എന്ന് പരിഹസിക്കുകയും ചെയ്തെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം. വിവരമറിഞ്ഞ് രക്ഷിതാക്കൾ സ്കൂളിലെത്തി ചോദ്യം ചെയ്തപ്പോൾ അധ്യാപിക ആരോപണങ്ങൾ പൂർണ്ണമായി നിഷേധിക്കുകയാണുണ്ടായത്. ഇതിൽ പ്രകോപിതരായ രക്ഷിതാക്കൾ ഇന്ന് രാവിലെ സ്കൂളിലെത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. അധ്യാപികയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

അതേസമയം, കുട്ടിയെ ചവിട്ടുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി കൃത്യമായ രീതിയിൽ അടിയന്തര പരിചരണം നൽകാൻ തനിക്ക് സാധിച്ചില്ലെന്ന് അധ്യാപിക സമ്മതിച്ചതായും മാനേജ്മെന്റ് അറിയിച്ചു. വിഷയത്തിൽ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *